Home » ലേഖനങ്ങള്‍
ജീവനില്ലാത്ത ജീവിതങ്ങള്‍.
Category :- ലേഖനങ്ങള്‍ Author :- Fr. Johny Chittemariyil 
Posted on November 17, 2013, 7:34 pm

ശോശാമ്മച്ചേടുത്തി ഇന്ന് വളരെ സന്തോഷത്തിലാണ്. രാവിലെ കുര്‍ബ്ബാന കഴിഞ്ഞ് തിടുക്കത്തില്‍ വീട്ടിലേയ്ക്ക് നടക്കവേ പുറകില്‍നിന്നും ത്രേസ്യാച്ചേടുത്തി അന്വേഷിച്ചു, എന്താ ഇന്നിത്ര തിടുക്കം. ഇന്നെന്‍റെ മക്കളും മരുമക്കളും ചെറുമക്കളുമൊക്കെ ക്രിസ്തുമസ് അവധി ആഘോഷിക്കുവാനായി വരുന്നുണ്ട്. അവര്‍ തിരികെപോകുമ്പോള്‍ ബാംഗ്ലൂര്‍ക്ക് എന്നെയും കൊണ്ടുപോകുമെന്നാ പറഞ്ഞിരിക്കുന്നത്. ത്രേസ്യേ ഞാന്‍ വേഗം നടക്കുവാ. മീനും ഇറച്ചിയുമൊക്കെ വാങ്ങിച്ചുവെച്ചിട്ടുണ്ട്. ഉച്ചയ്ക്ക് മുന്‍പുതന്നെ കറികളൊക്കെ ശരിയാക്കണം.

പ്രായം എഴുപത് കഴിഞ്ഞെങ്കിലും ഇന്ന് വളരെ ചെറുപ്പമായ മനസ്സോടെ ഓടിനടന്ന് തന്‍റെ മക്കളെ സ്വീകരിക്കുവാന്‍ വേണ്ട ഒരുക്കങ്ങള്‍ നടത്തുകയാണ് ചേടുത്തി. സഹായത്തിനു അയല്‍വീട്ടിലെ ജാനുവിനെയും വിളിച്ചിട്ടുണ്ട്. മക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ നന്നായി അറിയാവുന്ന ശോശാമ്മച്ചേടുത്തി അവര്‍ക്കായി രുചിയേറും കറികളൊക്കെ പാകപ്പെടുത്തുന്ന തിരക്കിലാണ്. സന്തോഷത്തില്‍ മനംനിറഞ്ഞ്‌ ശോശാമ്മച്ചേടുത്തി വാചാലയായി.

ജാനുവേ, വര്‍ഷങ്ങള്‍ എത്രയായി എന്നറിയുമോ ഞാനീ ഏകാന്തവാസം തുടങ്ങിയിട്ട്. ഞങ്ങളുടെ നാല് മക്കളുമായി സന്തോഷത്തില്‍ ജീവിക്കുമ്പോള്‍, മുപ്പത് വര്‍ഷങ്ങള്‍ക്കുമുന്‍പ് എന്‍റെ ജോസച്ചായനെ ദൈവം തിരികെവിളിച്ചു. അപ്പോള്‍ ഇളയവന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നു. അന്ന് ഞാന്‍ ആകെ തകര്‍ന്നുപോയെങ്കിലും ദൈവത്തിലാശ്രയിച്ചു. ‘വിദ്യാഭ്യാസം ആണെടീ ഏറ്റവും വലിയ ധനം’ എന്ന് ജോസച്ചായന്‍ എന്നോട് പറയുമായിരുന്നു, എന്തുവന്നാലും കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം എന്നത് ഇച്ചായന്റെ ആഗ്രഹമായിരുന്നു. അതുകൊണ്ട് തന്നെ വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും ഞാനവരെ പഠിപ്പിച്ചു. അതിരാവിലെ നാല് മണിക്ക് എഴുന്നേറ്റു അടുപ്പില്‍ വിറകുകൂട്ടി കഞ്ഞിയും കറിയുമൊക്കെ ശരിയാക്കി അവരെ സ്കൂളിലയച്ചു. ഇന്നിപ്പോള്‍ എല്ലാ വീട്ടിലും എന്തൊക്കെ സൌകര്യങ്ങളാ ഉള്ളത്. ഗ്യാസ് സ്ടൌവ്, മിക്സീ, വാഷിംഗ് മെഷിന്‍, ഫ്രിഡ്ജ്‌.എന്നിട്ടും ഒന്ന് മിണ്ടാന്പോലും ആര്‍ക്കും സമയവുമില്ല. ഇന്നിപ്പോള്‍ വേഗതയുടെ ലോകമല്ലേ?.


എന്തായാലും അന്നത്തെ എന്‍റെ കഷ്ടപ്പാടിന് ഫലമുണ്ടായി, ഇന്ന്‍ എന്‍റെ നാല് മക്കളും ഉന്നതപദവിയിലുള്ള ജോലിയിലാണ്. അവരുടെ ഭാര്യമാരും നല്ല ഉദ്യോഗസ്ഥര്‍. എല്ലാവരും സന്തോഷത്തോടെ കഴിയുന്നു. ഇപ്പോള്‍ ഒറ്റയ്ക്ക് ജീവിച്ചു മടുത്തു ഞാന്‍, പ്രായത്തിന്‍റെയായിരിക്കും രാത്രിയിലൊക്കെ പേടിയായിത്തുടങ്ങി. ഇനിയുള്ള കാലം മക്കളുടെകൂടെ ജീവിക്കണം. ഇപ്പോള്‍ അതേയുള്ളൂ ഒരാഗ്രഹം.
അങ്ങനെ ഉച്ചയോടുകൂടി മക്കളെല്ലാവരും സകുടുംബം വീട്ടിലെത്തി. പിന്നെ സന്തോഷത്തിന്‍റെ ഒരു ഉത്സവമായിരുന്നു ആ വീട്ടില്‍. എല്ലാവരും ഒരുമിച്ചിരുന്ന് ഊണ് കഴിച്ച്‌ പിന്നീട് ഒരു വട്ടമേശസമ്മേളനം നടത്തി അങ്ങുമിങ്ങും വിശേഷങ്ങള്‍ പങ്കുവെച്ചു. കുട്ടികള്‍ അവരുടെതായ കളികളില്‍ ഏര്‍പ്പെട്ടു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര സന്തോഷത്തിലാണ് ശോശാമ്മച്ചേടുത്തി. അങ്ങനെ രണ്ടു ദിവസങ്ങള്‍ കടന്നുപോയി. രാത്രി അത്താഴം കഴിഞ്ഞ് ശോശാമ്മച്ചേടുത്തി ഉറക്കത്തിലേയ്ക്ക് കടന്നു. തൊട്ടടുത്ത മുറിയില്‍നിന്നും മക്കളുടെ ഉയര്‍ന്ന സ്വരത്തിലുള്ള സംസാരം കേട്ട് ശോശാമ്മച്ചേടുത്തി അതെന്തെന്നു കാതോര്‍ത്തു, അമ്മയെ ആര് കൊണ്ടുപോകും എന്ന തര്‍ക്കമാണ് സ്വരമുയര്‍ന്നുള്ള സംസാരത്തിനു കാരണം. താന്‍ നല്ല ജോലിത്തിരക്കിലാണെന്നും, മക്കളുടെ പഠനത്തിനു തടസ്സമാകുമെന്നും, ഞങ്ങളുടെ ആഴ്ചാവസാനമുള്ള യാത്രകള്‍ പോകാന്‍ പറ്റാത്ത അവസ്ഥയാകും തുടങ്ങിയ വാദങ്ങള്‍ പരസ്പരം നിരത്തി ഓരോ മക്കളും അമ്മയെ കൈയൊഴിഞ്ഞു. അവസാനം മക്കള്‍ ഒരു തീരുമാനത്തിലെത്തി. അമ്മയെ ഏതെങ്കിലും ഒരു വൃദ്ധസദനത്തിലാക്കാം.


ശോശാമ്മച്ചേടുത്തിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ചുണ്ടുകള്‍ വിറയ്ക്കുന്നു. ദൈവമേ എന്നെയൊന്നു അങ്ങോട്ട്‌ ............... അത് മുഴുമിപ്പിക്കാന്‍ ശോശാമ്മച്ചേടുത്തിക്കായില്ല. ഉറക്കം നഷ്ടമായി. അങ്ങുമിങ്ങും തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരുവിധം നേരം വെളുപ്പിച്ചു. എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ ശോശാമ്മച്ചേടുത്തി പള്ളിയില്‍ പോകാനൊരുങ്ങി. പടിയിറങ്ങവേ പുറകോട്ടുതിരിഞ്ഞ് മുറിക്കകത്തെ ഭിത്തിയില്‍ വച്ചിട്ടുള്ള ജോസച്ചായന്റെ ഫോട്ടോയിലേയ്ക്ക് ഒന്ന് നോക്കി. അച്ചായന്‍റെ മുഖത്ത് എന്തോ സങ്കടമുള്ളതുപോലെ തോന്നി. ഒരു നെടുവീര്‍പ്പോടെ ശോശാമ്മച്ചേടുത്തി മുന്നോട്ടു നടന്നു. പതിവില്ലാതെ തന്‍റെ വസ്ത്രങ്ങളടങ്ങിയ ഒരു ബാഗും ശോശാമ്മച്ചേടുത്തി കരുതിയിരുന്നു.

Tagged Keywords:  Fr. Johny Chittemariyil
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 335
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 295
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 450
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 425
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 299

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in